ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 20 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 167 റൺസെന്ന നിലയിലാണ് ഇന്ത്യ. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്.
വമ്പനടികൾക്ക് പ്രശസ്തനായ വൈഭവിന്‍റെ ബാറ്റിംഗ് താണ്ഡവത്തിനാണ് ഹരാരെ സാക്ഷ്യംവഹിച്ചത്. 32 പന്തിൽ അർധസെഞ്ചുറി പിന്നിട്ട താരം 55 പന്തിലാണ് സെഞ്ചുറിയിലെത്തിയത്. എട്ടു കൂറ്റൻ സിക്സറുകളും ഒമ്പതു ഫോറുകളും ആ ബാറ്റിൽ നിന്നു പിറന്നു.
സൂര്യവംശിക്കൊപ്പം രണ്ടു റൺസുമായി വേദാന്ത് ത്രിവേദിയാണ് ക്രീസിൽ. 53 റൺസെടുത്ത നായകൻ ആയുഷ് മാത്രെയുടെയും ഒമ്പതു റൺസെടുത്ത മലയാളി ഓപ്പണർ ആരോൺ ജോർജിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ഹരാരെയിൽ നിര്‍ണായക ടോസ് ജയിച്ച ഇന്ത്യൻ നായകൻ ആയുഷ് മാത്രെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
സെമിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ കലാശപ്പോരിനിറങ്ങുന്നത്. മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു മലയാളി താരം മുഹമ്മദ് ഇനാന് പ്ലേയിംഗ് ഇലവനില്‍ ഇടംകണ്ടെത്താനായില്ല.
അതേസമയം, ഓസ്ട്രേലിയയ്ക്കെതിരേ സെമി ഫൈനല്‍ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. അലക്സ് ഫ്രഞ്ചിനു പകരം അലക്സ് ഗ്രീൻ അന്തിമ ഇലവനിലെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: ബെൻ ഡോക്കിൻസ്, ജോസഫ് മൂർസ്, ബെൻ മെയ്സ്, തോമസ് റ്യൂ (ക്യാപ്റ്റൻ), കാലേബ് ഫാൽക്കണർ, റാൽഫി ആൽബർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്‍റോ, മാന്നി ലംസ്‌ഡൻ, അലക്സ് ഗ്രീൻ.
ചാന്പ്യൻ പട്ടത്തിൽ അഞ്ച് കിരീടവുമായി ഒന്നാമതുള്ള ഇന്ത്യയുടെ ലക്ഷ്യം ആറാം കിരീടമാണ്. ടൂർണമെന്റിൽ അപരാജിതരായി മുന്നേറുന്ന ഇന്ത്യക്ക് നിലവിലെ ഫോമിൽ അത് അപ്രാപ്യമല്ല. സെമിയിൽ റിക്കാർഡ് റണ്‍ ചേസിലുടെ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. 311 റണ്‍സ് വിജയലക്ഷ്യം വെറും 41.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. എന്നാൽ, ടൂർണമെന്റിൽ അപരാജിതരായി എത്തുന്ന ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളിയുയർത്തും.